|
വാഴക്കാട്: വാഴക്കാട് ഗ്രാമ പഞ്ചായത്ത് 2012-13 വര്‍ഷത്തിലേക്കുള്ള
ബജറ്റ് അവതരിപ്പിച്ചു. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിന് 60
ലക്ഷവും വീട് നിര്‍മ്മാണത്തിന് 45 ലക്ഷം രൂപയും ഭൂരഹിതര്‍ക്ക് വാര്‍ഡ്
തോറും ഫഌറ്റ് നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങാന്‍ ഈ വര്‍ഷം 20
ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ദേശീയ സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടി സംസ്ഥാനത്തിന്റെ
അഭിമാനമായി മാറിയ വാഴക്കാടിന്റെ സ്‌നേഹ ഭാജനം ഉനൈസും നേരത്തെ പോള്‍വാള്‍ട്ടില്‍
സ്വര്‍ണ്ണം നേടിയ ബഷീറും പഞ്ചായത്തില്‍ കളിക്കളത്തിന്റെ അനിവാര്യത
ബോധ്യപ്പെടുത്തുന്നതിനാല്‍ വാഴക്കാട് ഹൈസ്‌കൂള്‍ ഗ്രൗണ്ട്
വികസിപ്പിച്ച് കൊണ്ടോ മറ്റ് സ്ഥലം ലഭ്യമാക്കിയോ ഒരു നല്ല ഗ്രൗണ്ട്
നിര്‍മ്മിക്കുന്നതിന് 5 ലക്ഷം രൂപയും ചാലിയപ്രം ജി.യു.പി.സ്‌കൂളിന്
ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപയും നീക്കിവെച്ചു.
ചാലിയാര്‍ ജല-തീര സംരക്ഷണത്തിന് യുവജന സംഘടനകളെ പങ്കാളികളാക്കി
പഞ്ചായത്ത് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കവണക്കല്ല്
മുതല്‍ കള്ളിക്കാട് വരെയുള്ള ഭാഗത്തെ ഇക്കോ ടൂറിസം, ജൈവ വൈവിധ്യ
പഠനം എന്നിവക്ക് നടപടി സ്വീകരിക്കും.
പഞ്ചായത്തിലെ എല്ലാ കോളനികളിലെയും വീടുകള്‍ മോടിപിടിപ്പിച്ചും മറ്റ്
സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും കോളനി നിവാസികളുടെ ജീവിതം
സന്തോഷകരവും ആനന്ദകരവുമാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. പൈലറ്റ്
പദ്ധതി എന്ന നിലയില്‍ 'സാറ്റലൈറ്റ് കോളനി' എന്ന പേരില്‍
പുള്ളിശ്ശീരി കോളനിയില്‍ ഇത് നടപ്പാക്കും. ഇതിന് വേണ്ടി 10 ലക്ഷം
രൂപ അനുവദിച്ചു.
പഞ്ചായത്തിലെ തൊഴില്‍ മേഖല വികസിപ്പിക്കുന്നതിനും ഗ്രാമ
പഞ്ചായത്തിന്റെ ആസ്തി വര്‍ദ്ധിപ്പിക്കുന്നതിനുമായി, ഒരു
വ്യവസായ-വാണിജ്യ കേന്ദ്രം ആരംഭിക്കാന്‍ 12-ാം പദ്ധതി ലക്ഷ്യമിടുന്നു.
ഇതിനായി വികസന പ്രാധാന്യമുള്ള സ്ഥലത്ത് 2 മുതല്‍ 3 ഏക്ര വരെ സ്ഥലം
വിലക്ക് വാങ്ങും. ലഭ്യമാവുന്ന ഭൂമിയുടെ 10% സ്ഥലം ഭൂ ഉടമക്ക്
പദ്ധതിയില്‍ പങ്കാളിത്തം ലഭിക്കുന്ന രീതിയില്‍ ഭൂ ഉടമയുമായി
സഹകരിച്ചായിരിക്കും പ്രൊജക്ട് തയ്യാറാക്കുക. 5 കോടി രൂപ മതിപ്പ്
ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ സ്ഥലമെടുപ്പിനും
വാണിജ്യ-വ്യവസായ സ്ഥാപന നിര്‍മ്മാണത്തിനും ഗുണഭോക്താക്കളുടെ സഹായം
ലഭ്യമാക്കും. ഇതില്‍ 50 ശതമാനം പ്രവാസികള്‍ക്ക് വേണ്ടി മാറ്റിവെക്കും.
സ്ഥലമെടുപ്പിന്റെ പ്രാഥമിക ചെലവുകള്‍ക്ക് ഈ വര്‍ഷം 15 ലക്ഷം രൂപയും
പഠനത്തിനും പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമായി രണ്ട്
ലക്ഷം രൂപയും അനുവദിച്ചു.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വെല്ലുവിളിയായി നില്‍ക്കുന്ന
പ്ലാസ്റ്റിക് ബാഗുകള്‍ വര്‍ജ്ജിക്കുന്നതിനുള്ള ചുമതല കുടുംബശ്രീയെ
ഏല്‍പിക്കും. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിസഞ്ചികള്‍ നിര്‍മ്മിച്ച്
അയല്‍ക്കൂട്ടം മുഖേന വിതരണം ചെയ്യാന്‍ 50000 രൂപ അനുവദിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കര്‍ഷകര്‍ക്ക് ഏറെ
ആശ്വാസം നല്‍കുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാന്‍സര്‍ രോഗികള്‍ക്ക് വാര്‍ഷിക ചികിത്സാ സഹായം 2000 രൂപയും, ആര്‍.സി.സി.യില്‍
ചികിത്സക്ക് പോവാന്‍ ഒരു യാത്രക്ക് 500 രൂപ വീതവും നല്‍കും.ഇതിനായി
ഒരു ലക്ഷം രൂപയും കിഡ്‌നി രോഗികള്‍ക്ക് യഥാ സമയം ഡയാലിസിസ് നടത്താന്‍
യാത്ര സൗകര്യങ്ങളുള്‍പ്പെടെ ഡയാലിസിസ് കേന്ദ്രങ്ങളുമായി ചേര്‍ന്ന്
പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിന് 2 ലക്ഷം രൂപയും വിനിയോഗിക്കും.
അവശരായ രോഗികളെ വീടുകളില്‍ ചികിത്സിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ
സഹായം ലഭ്യമാക്കി 'കാരുണ്യ സ്പര്‍ശം' എന്ന പരിപാടി നടപ്പിലാക്കും.
ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് ബഡ്‌സ് സ്‌കൂളും, പുനരധിവാസ
കേന്ദ്രവും ആരംഭിക്കും, ഇതിനായി 10 ലക്ഷം രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുടുംബ ഭാരമേല്‍ക്കുന്ന സ്ത്രീകള്‍ക്ക് ആശ്വാസമേകാന്‍ ആശ്രയ
പദ്ധതിയില്‍ വനിതാ ക്ഷേമ ഉപപദ്ധതി നടപ്പിലാക്കുന്നതിന് 2 ലക്ഷം
രൂപയും, യഥാ സമയം ഭക്ഷണം കിട്ടാത്ത വൃദ്ധരും രോഗികളുമായ അശരണര്‍ക്ക്
3 നേരം ഭക്ഷണം നല്‍കാന്‍ സന്നദ്ധതയുള്ള സന്നദ്ധ സംഘടനകള്‍ക്കും,
അയല്‍വാസികള്‍ക്കും സാമ്പത്തിക സഹായം നല്‍കും. ആശ്രയ പദ്ധതിയിലൂടെ
നടപ്പിലാക്കുന്ന ഈ ന്യൂട്രീഷന്‍ പ്രോഗ്രാമിന് ഒരു ലക്ഷം രൂപ
അനുവദിച്ചു.
119871000 രൂപ വരവും 116200000 രൂപ ചെലവും 3671000 മിച്ചവും
കാണിക്കുന്ന ബജറ്റ് വൈസ് പ്രസിഡണ്ട് കെ.ശറഫുന്നീസ അവതരിപ്പിച്ചു.
പ്രസിഡണ്ട് പി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി
ചെയര്‍മാന്മാരായ പി.അബൂബക്കര്‍, കെ.അലി, പറശ്ശീരി ബല്‍ക്കീസ്,
മെമ്പര്‍മാരായ എം.പി.അബ്ദുള്ള, സി.ഭാസ്‌ക്കരന്‍മാസ്റ്റര്‍, ബീരാന്‍
ആക്കോട്, റഫീഖ് അഫ്‌സല്‍, മാമ്പി, ആമിന ആലുങ്ങല്‍ തുടങ്ങിയ എല്ലാ
മെമ്പര്‍മാരും സെക്രട്ടറി രവീന്ദ്രന്‍ ഉള്‍പ്പെടെ ഇംപ്ലിമെന്റിംഗ്
ഓഫീസര്‍മാരും പങ്കെടുത്തു.
|